114. Death of Joe Cinque
തലച്ചോറ് കൊണ്ട് ഇന്ത്യയെ വിദേശത്തു അടയാളപ്പെടുത്തി പ്രസിദ്ധരായ കുറെ പേരെ നമുക്കറിയാം. ചിലർ അവർ ചെയ്യുന്ന കുറ്റ കൃത്യങ്ങളുടെ പേരിൽ വിദേശത്തു കുപ്രസിദ്ധരും ആകുന്നുണ്ട്. അത്തരത്തിൽ ഓസ്ട്രേലിയയെ ഞെട്ടിച്ച ഒരു കൊലപാതകത്തിലെ ഇന്ത്യക്കാരിയായ കുറ്റവാളിയുടെ പേരാണ് അനു സിംഗ്.
1972 സെപ്റ്റംബറിൽ ഇന്ത്യയിലെ പഞ്ചാബിലാണ് അനു ജനിച്ചത്.
അച്ഛനും അമ്മയും ഡോക്ടർമാരായിരുന്നു.
കൂടുതൽ ജീവിത സൗകര്യങ്ങൾക്കായി അനുവിന് ഒരു വയസ്സുള്ളപ്പോൾ അവർ ഓസ്ട്രേലിയയിലേക്ക് ചേക്കേറി. പിന്നീടുള്ള അനുവിന്റെ ജീവിതത്തിനു ഇന്ത്യയുടെ ഒരു ഛായയും ഉണ്ടായിരുന്നില്ല. അവൾ ഓസ്ട്രേലിയയുടെ സന്തതിയായി മാറി.
അഞ്ചു വയസ്സ് വരെ അമ്മയെ ചുറ്റിപ്പറ്റി മാത്രമായിരുന്നു അനുവിന്റെ ജീവിതം.
കിടപ്പ് പോലും അമ്മയുടെ കൂടെ. എന്തിനും, ഏതിനും അമ്മ വേണം.
അന്ന് മുതലേ അവൾ ഒരു ഡ്രാമ ക്വീൻ ആണെന്ന് അമ്മ പറയുന്നു. അറ്റെൻഷൻ എപ്പോഴും വേണം. അതിനായി കുറുമ്പുകൾ കാണിക്കും.
സ്കൂളിലും ഇതേ അവസ്ഥ ആയിരുന്നു. എല്ലാവരുടെയും ശ്രദ്ധ തന്നിൽ മാത്രമാകാൻ എന്തൊക്കെ ചെയ്യണോ അതെല്ലാം കാട്ടി കൂട്ടുമായിരുന്നു.
അനുവിന് ഒരു പതിമൂന്നു വയസ്സുള്ളപ്പോൾ മുതൽ അനുവിന്റെ സ്വഭാവം കുറച്ച് കൂടെ വഷളായി, വീട്ടിലെ വിമത (rebel) സ്വഭാവം മാത്രമല്ല, സ്കൂളിലും ക്ലാസ് കട്ട് ചെയ്തു ആൺപിള്ളേരുടെ കൂടെ സമയം ചിലവഴിക്കുകയും, സിനിമ, ക്ലബ്, മദ്യം ഇതെല്ലാം സേവിക്കുകയും ചെയ്തു കൊണ്ടിരുന്നു.
ഒരു പരിധി വരെ വീട്ടുകാർ അവളെ തടയാത്തതിന് കാരണം അവൾ പഠിത്തത്തിൽ എന്നും മുന്നിലായിരുന്നു എന്നതാണ്. എന്തൊക്കെ കുരുത്തക്കേട് കാണിച്ചാലും അവളുടെ ഗ്രേഡുകൾ ക്ലാസ്സിലെ മികച്ചതായിരുന്നു. അതിനാൽ അധ്യാപകരും കുറെയെല്ലാം കണ്ടില്ലെന്നു നടിച്ചു.
എന്നാൽ അവർ കണ്ണടച്ച് വിട്ടത് ഒരു ക്രിമിനലിനെയായിരുന്നു.
കോളേജിലേക്ക് പ്രവേശിച്ചപ്പോഴേ അവൾ ഡ്രഗ് എല്ലാം ഉപയോഗിച്ച് തുടങ്ങി. പല പല ബന്ധങ്ങളും ഈയിടക്ക് ഉണ്ടായെങ്കിലും ഗൗരവമായി അവൾ പ്രണയിച്ചത് സൈമൺ വാൾഷ് എന്ന അവളുടെ ഒരു സഹപാഠിയെ ആയിരുന്നു.
അവൾ അയാളോടൊപ്പം താമസവും തുടങ്ങി.
ഇരുപത് വയസ്സുള്ളപ്പോൾ അവൾ അയാളിൽ നിന്നും ഗർഭിണിയായി.
എന്നാൽ പഠനത്തിന് തടസ്സമാകരുതെന്നു കരുതി അവർ അത് നശിപ്പിച്ചു കളഞ്ഞു.
അതിന് ശേഷം സൈമണിനോട് അനുവിന് ദേഷ്യം തോന്നിത്തുടങ്ങി.
അയാളില്ലാതെ തന്നെ ക്ലബ്ബുകളിലും, ഡാൻസ് ഫ്ലോറുകളിലും അവൾ കറങ്ങി നടന്നു. അങ്ങിനെയാണ് ന്യൂ കാസിൽ എന്ന സ്ഥലത്ത് വച്ചു അവൾ ജോ സിങ്ക് ( joe cinque ) എന്ന ചെറുപ്പക്കാരനെ പരിചയപെടുന്നത്.
ജോ സിങ്കിന്റെ മാതാപിതാക്കൾ ഇറ്റലിയിൽ നിന്നും ഓസ്ട്രേലിയയിലേക്ക് ചേക്കേറിയതാണ്. അയാളുടെ അച്ഛനും, മുത്തച്ഛനും അവിടെ ഒരു കൺസ്ട്രക്ഷൻ കമ്പനിക്ക് വേണ്ടി സിവിൽ എഞ്ചിനീയറിംഗ് ജോലിയാണ് ചെയ്തിരുന്നത്.
ജോയും അതേ സിവിൽ എഞ്ചിനീയറിംഗ് തന്നെ എടുത്തു പാസ്സായി. ഡിഗ്രി കഴിഞ്ഞയുടനെ ലോകം ചുറ്റാനുള്ള ടിക്കറ്റ് ആണ് സിങ്ക് കുടുംബം അവനു നൽകിയത്. അവനെ കൂടാതെ ഒരു മകനും കൂടെ അവർക്കുണ്ടായിരുന്നു.
മരിയ സിങ്ക് എന്ന അവരുടെ അമ്മക്ക് ആ രണ്ടു മക്കളായിരുന്നു ലോകം. വളരെ അനുസരണത്തിലും, ചിട്ടയോടും കൂടിയാണ് ജോയും സഹോദരനും വളർന്നത്. ചെറുപ്പത്തിലേ അനിയനെ വളർത്താനും, വീട് നോക്കാനും ജോ അമ്മയെ സഹായിച്ചിരുന്നു.
ഒരു കാർ അപകടത്തിൽ അമ്മക്ക് കാലിനു സാരമായ പരിക്ക് പറ്റിയതിനു ശേഷം അമ്മയെ എല്ലാ കാര്യത്തിലും ജോ സഹായിച്ചിരുന്നു.
വളരെ പക്വത ഉള്ള, വളരെ സഹായിയായ, ചുറുചുറുക്കുള്ള ഒരു കായിക കുതുകി കൂടിയായിരുന്നു ജോ. ജോയുടെ അമ്മയുടെ അച്ചടക്ക ശീലത്തിന്റെ ഭാഗമായി വീട്ടിൽ നാലാളും കൂടിയിരുന്നു ഡിന്നർ വൈകീട്ട് ആറു മണിക്ക് കഴിക്കണമെന്നത് നിർബന്ധമാണ്. നാട്ടിൽ ഉണ്ടെങ്കിൽ എല്ലാവരും ആ സമയത്തു തീൻ മേശയിൽ എത്തണം. ആ സമയത്തു ആരും ഫോണിലോ, ടിവിയിലോ നോക്കിയിരിക്കരുത്. അത് കുടുംബത്തിന് വേണ്ടിയുള്ള സമയമാണ്. അപ്പോൾ പരസ്പരം പറയാനുള്ളതെല്ലാം പറയണം. അമ്മയുണ്ടാക്കിയ ഭക്ഷണം ചൂടോടെ ആസ്വദിച്ചു കഴിക്കണം. ആ ഒരു മണിക്കൂർ എന്നും കുടുംബത്തിനായി മാറ്റി വക്കണം. അതുപോലെ വീട്ടിൽ നിന്നും പുറത്തു പോയാലും വൈകീട്ട് ഒരു കൃത്യ സമയത്തു വീട്ടിലേക്കു വിളിച്ചിരിക്കണം. ഇങ്ങിനെ അച്ചടക്കത്തിലാണ് ജോ വളർന്നത്.
ഈ ജോ ആണ് അച്ചടക്കത്തിന്റെ ബാലപാഠം അറിയാത്ത അനു സിങ്ങുമായി പ്രണയത്തിൽ ആകുന്നത്.
അനുവിന്റെ അപ്പോഴത്തെ കാമുകൻ സൈമൺ അറിയാതെയായിരുന്നു ഈ പ്രണയം.
അതോടെ സൈമൺ അവളെ ഉപേക്ഷിച്ചു. പിന്നീടവൾ ഓസ്ട്രേലിയയിലെ ക്യാൻബെറ എന്ന സ്ഥലത്തേക്ക് മാറി. അവിടെ ഓസ്ട്രേലിയൻ നാഷണൽ യൂണിവേഴ്സിറ്റിയിലെ നിയമ വിദ്യാർത്ഥിയായിരുന്നു അനു സിംഗ്. പണ്ടത്തെ പോലെ തന്നെ പഠിപ്പിൽ ഒരു വിട്ടു വീഴ്ചയും അന്നും അനുവിന് ഇല്ല.
എന്നാൽ ജോയുമായി പ്രണയത്തിലായപ്പോൾ അകലെ ജോലി ചെയ്തിരുന്ന ജോയുമായുള്ള പ്രണയ ബന്ധം ശരിയാകുന്നില്ല എന്നവൾ പരാതിപ്പെട്ടു കൊണ്ടിരുന്നു. ജോ തന്റെ ലോകമാണെന്നും അതിനാൽ പിരിഞ്ഞിരിക്കാൻ സാധിക്കില്ലെന്നും അവൾ ജോയെ ധരിപ്പിച്ചു കൊണ്ടിരുന്നു.
അയാൾ എല്ലാ വരാന്ത്യങ്ങളിലും 400 കിലോമീറ്റർ കാറോടിച്ചു അവളെ കാണാൻ വരികയും രണ്ടു ദിവസം അവിടെ ചിലവഴിച്ചു തിരിച്ചു പോകുകയും പതിവായി.
ഇതിൽ ജോയുടെ അമ്മക്ക് നല്ല പരാതി ഉണ്ടായിരുന്നു. എന്നാൽ ദൂരത്തിരുന്നുള്ള പ്രണയം വേണ്ട അയാളോട് ക്യാൻബറക്ക് വന്നു താമസിക്കാൻ അവൾ നിർബന്ധിച്ചു കൊണ്ടേയിരുന്നു.
അതും മരിയ സിങ്കിനു പിടിച്ചില്ല. അവൾ എന്നും വൈകീട്ട് ആറു മണിക്ക് ജോയെ വിളിക്കാൻ തുടങ്ങി. അവരുടെ കുടുംബ അത്താഴ സമയത്തു വിളിക്കരുതെന്നും, ഒരു മണിക്കൂർ കഴിഞ്ഞു വിളിക്കാനും മരിയ സിങ്ക് അനുവിനെ പല തവണ ഉപദേശിച്ചു. എന്നാൽ അനു അതനുസരിച്ചില്ലെന്നു മാത്രമല്ല എന്നും കൃത്യം ആറു മണിക്ക് വിളി തുടർന്നു.
പ്ലേറ്റിൽ വിളമ്പിയതിനു ശേഷം ഫോണിൽ സംസാരിക്കാൻ പോകുന്നതിനെ പറ്റി അമ്മയും മകനും വഴക്കു തുടങ്ങി.
ഒരു ദിവസം അനുവിനെ കുടുംബത്തെ കാണിക്കാൻ ജോ കൊണ്ടുവന്നു.
അവളുടെ അച്ചടക്കമില്ലാത്ത പെരുമാറ്റം വീട്ടുകാർക്ക് തീരെ പിടിച്ചില്ല. വളരെ പൊസ്സസ്സീവ് ആയാണ് അവൾ ജോയോട് പെരുമാറിയിരുന്നത്. അച്ഛൻ ജോയോട് സംസാരിക്കാൻ തുടങ്ങുമ്പോൾ അവൾ ജോയെ പുറകിൽ നിന്നു കെട്ടിപിടിക്കാനും, ചുംബിക്കാനും അങ്ങിനെ അവർ തമ്മിലുള്ള സംഭാഷണം അവസാനിപ്പിക്കാനും ശ്രമിച്ചു കൊണ്ടിരുന്നു.
ജോയുടെ ശ്രദ്ധ അവളിൽ മാത്രമാക്കാൻ അവൾ എല്ലാ നിമിഷവും ശ്രദ്ധിച്ചു. അത് ജോയുടെ വീട്ടുകാർക്ക് അവളിൽ ഒരു അവമതിപ്പ് ഉളവാക്കി. എന്നാൽ ഒരു കാര്യം വിചാരിച്ചാൽ അത് ഏത് വിധേനയും ചെയ്തു കാണിക്കുന്ന അനു, ജോയെ കാൻബെറയിലേക്ക് പറിച്ചു നട്ടു.
ജോ സിങ്കിന്റെ വീട്ടുകാർക്കേറ്റ ഏറ്റവും വലിയ ആഘാതമായിരുന്നു ജോന്റെ ക്യാൻബെറയിലേക്കുള്ള താമസം മാറ്റൽ. എന്നാൽ എല്ലാവരോടും വളരെ കരുതൽ ഉണ്ടായിരുന്ന ജോക്ക് തന്റെ സാന്നിധ്യം അനുവിന് ഏറ്റവും അത്യാവശ്യമാണെന്ന് തോന്നി. അങ്ങിനെ അവർ ക്യാൻബേറയിൽ ഒന്നിച്ചു താമസം ആരംഭിച്ചു.
തന്റെ ശരീര സൗന്ദര്യത്തിൽ വളരെയധികം ശ്രദ്ധാലു ആയിരുന്നു അനു സിംഗ്. വണ്ണം വെക്കുന്നതിനേക്കാൾ മരിക്കുകയാണ് നല്ലത് എന്നവൾ സുഹൃത്തുക്കളോട് പറയുമായിരുന്നു.
ഒരു പാട് ഡയറ്റിങ്ങും, ജിമ്മിൽ ഒരു പാട് സമയം എക്സർസൈസിനുമായി അവൾ ചിലവാക്കിയിരുന്നു. പലപ്പോഴും അവൾ വളരെ മെലിഞ്ഞതാണ് എന്ന പരാതി ജോയുടെ അമ്മ പറയുമായിരുന്നു.
വല്ലാതെ ഡയറ്റിങ്ങും ഒക്കെ ആയപ്പോൾ അവൾ വളരെ എല്ലും തൊലിയുമായി.
അപ്പോൾ അവൾ അവൾക്കു എയ്ഡ്സ് എന്ന രോഗം വല്ലതുമാണോ എന്ന് സംശയിച്ചു. ആ സംശയം തന്നെ അവളെ ഒരു രോഗിയാക്കി. എയ്ഡ്സ് നെഗറ്റീവ് ആണെന്ന് അറിഞ്ഞിട്ടും തനിക്കെന്തോ വലിയ രോഗമുള്ളതായി അവൾ സംശയിച്ചു.
രോഗമില്ല എന്ന് ഡോക്ടർമാർ പറഞ്ഞെങ്കിലും അവൾ അത് കാര്യമാക്കിയില്ല. താനൊരു വലിയ രോഗി ആണെന്ന് അവൾ ഉറച്ചു വിശ്വസിച്ചു.
പതുക്കെ പതുക്കെ അവളൊരു ഹൈപ്പോകോൻഡ്രിയാക് ആയി മാറുകയായിരുന്നു.
ഹൈപ്പോകോൻഡ്രിയാക് എന്നുവച്ചാൽ ഒരു പ്രത്യേകതരം മാനസിക അവസ്ഥ ആണ്. താൻ എപ്പോഴും ഒരു മാരക രോഗിയാണ് എന്നുള്ള ഒരു തോന്നൽ അവർക്കുണ്ടാകും. അവർ അവരുടെ ആരോഗ്യത്തെ പറ്റി എപ്പോഴും ഉത്കണ്ഠകുലരായിരിക്കും. ഒരു തലവേദന വന്നാൽ ഓ ഇത് ബ്രെയിൻ ട്യൂമർ തന്നെ എന്നും, വയറുവേദന, കാൻസർ തന്നെ എന്നൊക്കെ കരുതുന്നവരായിരിക്കും.
ഡോക്ടർമാർക്ക് പോലും ഇവർക്ക് രോഗമില്ല എന്ന് മനസ്സിലാക്കിക്കാൻ ബുദ്ധിമുട്ടാണ്.
അവർക്കു അങ്ങിനെ പറയുന്നവരോട് ദേഷ്യം ആയിരിക്കും.
സ്വയം രോഗിയാക്കി മറ്റുള്ളവരുടെ ശ്രദ്ധ നേടുക എന്ന അറ്റെൻഷൻ സിൻഡ്രം കൂടിയാണത്.
ഈ കേസിൽ അനു സിങ്ങിന് അത്തരമൊരു മാനസിക അവസ്ഥ ആയിരുന്നു. അതോടു കൂടി ബുലീമിയ എന്നൊരു അവസ്ഥ കൂടിയായി. ഒരു പാട് ഭക്ഷണം കഴിക്കുകയും പിന്നീട് കുറ്റബോധം തോന്നി അത് ശർദ്ധിച്ചു കളയുകയും ചെയ്യുന്ന ഒരവസ്ഥ.
ഇതെല്ലാം ഡിപ്രെഷന്റെ ഓരോരോ തലങ്ങളാണ്. അതിനാൽ നല്ലൊരു സൈക്കിയട്രിസ്റ്റിനെ കാണാൻ മാതാപിതാക്കൾ ഉപദേശിക്കുകയും അവർ ഒരാളെ കണ്ടെത്തി ഏൽപ്പിക്കുകയും ചെയ്തു.
എന്നാൽ അവൾ ട്രീട്മെന്റിനൊന്നും അറ്റൻഡ് ചെയ്തില്ല. മറിച്ചു താനൊരു രോഗിയായാൽ കിട്ടുന്ന അറ്റെൻഷൻ ആണ് അവൾ കൊതിച്ചിരുന്നത്.
ജോ ആണ് അവളോട് ഇപിക്കക് (ipecac) എന്ന മരുന്നിനെ പറ്റി പറയുന്നത്.
വിഷം കഴിച്ചവർക്ക് അത് പുറത്തു പോകാനായി ശര്ധിപ്പിക്കാൻ കൊടുക്കുന്ന ഒരു മരുന്നാണത്. കൊഴുപ്പ് കലർന്ന ഭക്ഷണം കഴിച്ചാൽ ഉടനെ അവൾ ആ മരുന്ന് ഉപയോഗിക്കുമായിരുന്നു.
ഇതെല്ലാമാണ് അവൾ പിന്നീട് ശരിക്കും ഒരു മാനസിക രോഗി ആകാൻ കാരണമായതു. ഈ മരുന്ന് പറഞ്ഞു തന്നതിന് ജോയോടും അവൾക്കു ദേഷ്യം തോന്നിത്തുടങ്ങി. അന്ന് മുതൽ അവൾ ജോയെ കൊല്ലാനുള്ള പദ്ധതികൾ ആരംഭിച്ചു.
വളരെ കോംപ്ലിക്കേറ്റഡ് ആയിരുന്നു അനുവിന്റെ മനസ്സ്. ഒരു കൂട്ടുകാരിയോട് അവൾ ഒരു ദിവസം പറഞ്ഞത്രേ.
എനിക്ക് കുറെ പേരെ കൊല്ലാനുണ്ട്.
ഒന്ന് പണ്ടത്തെ കാമുകൻ സൈമൺ വാൾഷ്, പിന്നെ ജോ, പിന്നെ രോഗമില്ലെന്നു പറയുന്ന കുറെ ഡോക്ടർമാരും.
ഈ മാനസിക അവസ്ഥയിൽ അവളെ എത്തിച്ചതിനു കുറെയൊക്കെ അവളുടെ അസന്തുലിത ഭക്ഷണ ക്രമത്തിന് പങ്കുണ്ട്. ഫാഡ് ഡയറ്റ് എന്ന് പറയുന്ന, വണ്ണം കുറക്കാനായി പലതരം മരുന്നുകൾ കഴിക്കുന്നവർക്ക് ഇത്തരം പ്രശ്നങ്ങൾ വരാറുണ്ട്.
ജോയെ കൊല്ലാൻ മറ്റൊരു കാരണമായി അവൾ പറയുന്നത്. ജോ അവളുടെ ലോകമാണ്. അവൾക്കു മാരകമായ അസുഖങ്ങൾ ഉള്ളതിനാൽ അവൾ പെട്ടെന്ന് മരിക്കും. അതോടെ അയാൾ ഒറ്റക്കാകും. ചിലപ്പോൾ മറ്റൊരു പെണ്ണിനെ അയാൾ സ്നേഹിക്കും. അത് അവൾക്കു സഹിക്കാൻ പറ്റാത്ത കാര്യമാണ്. അതിനാൽ അയാളെ കൊല്ലുക തന്നെ! അവൾ ഉറപ്പിച്ചൂ.
എന്നാൽ കൂട്ടുകാരികളോട് അവൾ പറഞ്ഞത് ഞങ്ങൾക്ക് ഒരു ആത്മഹത്യ പ്ലാൻ ഉണ്ട്. അത് ഞങ്ങൾ നടപ്പാക്കും എന്നാണ്.
സത്യത്തിൽ ജോക്ക് ഇത്തരം പ്ലാനിനെ പറ്റി യാതൊരു അറിവും ഉണ്ടായിരുന്നില്ല. മാത്രമല്ല അനുവിന്റെ സ്വഭാവം അയാൾക്ക് തീരെ ദഹിക്കാതെ ആയി തുടങ്ങിയിരുന്നു.
അയാൾ അവളെ ഉപേക്ഷിക്കാനുള്ള തീരുമാനത്തിൽ ആയിരുന്നു എന്ന് അയാളുടെ ഇളയ സഹോദരനോട് പറഞ്ഞിരുന്നുവത്രേ. ഒരു പക്ഷേ അതറിഞ്ഞ അനു ഇത്തരമൊരു പ്ലാൻ ഉണ്ടാക്കിയതായിരിക്കാം. ആർക്കറിയാം?
അനുവിന്റെ കൂട്ടുകാർ എല്ലാം ഡ്രഗ് ഉപയോഗിക്കുന്നവർ ആയിരുന്നു.
ഒരു പ്രത്യേക മാനസിക അവസ്ഥയുള്ളവർ. താനും, പങ്കാളിയും മരിക്കാൻ തയ്യാറെടുക്കുകയാണെന്നു പറഞ്ഞിട്ടും ആരും അവരെ തടഞ്ഞില്ല. അവനവന്റെ ജീവിതം വേണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം ഏതൊരു മനുഷ്യനുമുണ്ട് എന്ന് വിശ്വസിക്കുന്ന ഒരു കൂട്ടം കൂട്ടുകാർ.
അനു അവർക്കായി ഗുഡ് ബൈ പാർട്ടി നടത്തി.
അതിൽ പങ്കെടുക്കുന്ന എല്ലാവർക്കും ( ജോക്ക് ഒഴികെ ) ആ പാർട്ടിയുടെ ഉദ്ദേശം അറിയാം. എന്നാലും ആരും അവരെ തടഞ്ഞില്ല. മദ്യവും, ഡ്രഗ്സും ആ പാർട്ടിയിൽ ഒഴുക്കി. ഇതൊന്നുമറിയാതെ ജോയും പാർട്ടിയിൽ പങ്കെടുത്തു.
ആദ്യം ഒരു തോക്ക് വാങ്ങാനായിരുന്നു അനുവിന്റെ പ്ലാൻ.
അതിനായി അനുവിന്റെ ഒരു ഉറ്റ ചങ്ങാതിയായിരുന്ന മാധവി റാവു ആണ് അവളെ സഹായിച്ചത്.
എന്നാൽ വെടി വച്ചു കൊല്ലുന്നതിനേക്കാൾ ഹെറോയിൻ വലിയ അളവിൽ ശരീരത്തിൽ കുത്തിവച്ചാൽ മതിയെന്ന് മറ്റൊരു കൂട്ടുകാരൻ ഉപദേശിച്ചു. ഇൻട്രാവീനൽ ആയി ഇൻജെക്ഷൻ കൊടുക്കാൻ അവളെ പരിശീലിപ്പിക്കുകയും ചെയ്തു.
ഡ്രഗിന്റെ ഓവർഡോസ് കൊണ്ട് മരിച്ചതാണെന്നു ആളുകൾ സംശയിക്കുകയും ചെയ്യും.
എന്നാൽ പാർട്ടി കഴിഞ്ഞു ഇൻജെക്ഷൻ ശരിയായി എടുക്കാൻ അനുവിന് സാധിച്ചില്ല. ഒരു കുറഞ്ഞ അളവ് മാത്രമേ അകത്തേക്ക് പോയുള്ളു. അതിനാൽ ഒരു ചെറിയ ഹാങ്ങ് ഓവറോടെ ജോ പിറ്റേദിവസം എഴുന്നേറ്റു.
എന്നാൽ അനു വിട്ടുകൊടുക്കാൻ തയ്യാറല്ലായിരുന്നു. ഒരു ഗുഡ്ബൈ പാർട്ടി കൂടി സംഘടിപ്പിച്ചു.
ഇതിനെല്ലാം കൂട്ടായി നിന്നത് ആത്മ സുഹൃത്ത് മാധവി റാവു തന്നെയായിരുന്നു. ഇപ്രാവശ്യം അവൾ കൃത്യമായി അത് നടപ്പാക്കി. ആദ്യം ജോയുടെ കാപ്പിയിൽ രോഹിപ്നോൾ എന്ന മയക്കു മരുന്ന് കലർത്തി. അങ്ങിനെ ജോ തളർന്ന ശേഷം വെയിൻ കണ്ടുപിടിച്ചു ഹെറോയിൻ കുത്തിവച്ചു.
മുപ്പത്തിആറു മണിക്കൂർ ആണ് ജോ മരണവുമായി മല്ലടിച്ചത്. ശർദ്ധിച്ചു അവശനായ ജോയെ മരണത്തിനു വിട്ടു കൊടുത്തു അനു എന്ന കുറ്റവാളി.
ഈ മുപ്പത്തിആറു മണിക്കൂറും അവൾ അയാൾ ഇഞ്ചിഞ്ചായി മരിക്കുന്നത് നോക്കിയിരുന്നു. ആദ്യത്തെ ശ്രമം പരാജയപ്പെട്ടപ്പോൾ ലെൻ മങ്കിനി എന്ന ഒരു സുഹൃത്തിനോട് അവൾ ഇതിനെ പറ്റി പറഞ്ഞിരുന്നു. അവൾ അന്ന് പോലീസിൽ പരാതിപ്പെടും എന്ന് പറഞ്ഞിരുന്നുവെങ്കിലും അനുവും, മാധവിയും ചേർന്നു അവളെ പറഞ്ഞു മനസ്സിലാക്കി.
അനുവും അത് കഴിഞ്ഞാൽ ആത്മഹത്യാ ചെയ്യുമെന്ന് അവളെ ധരിപ്പിച്ചു.
അവളുടെ ഭർത്താവിൽ നിന്നാണ് ഹെറോയിൻ സംഘടിപ്പിച്ചിരുന്നത്. 24 മണിക്കൂർ കഴിഞ്ഞിട്ടും മരിക്കാതെയായപ്പോൾ അനു വീണ്ടും മാധവിയെയും, ലെൻ മങ്കിനിയെയും വിളിച്ചു.
ലെൻ അപ്പോൾ തന്നെ ആംബുലൻസ് വിളിക്കാൻ അവളെ നിർബന്ധിച്ചു.
എന്നാൽ അനു അതിന് ഒരുക്കമായിരുന്നില്ല. താൻ തന്നെ എമർജൻസി ആംബുലൻസ് വിളിക്കുമെന്ന് ഭീഷണിപ്പെടുത്തിയപ്പോൾ അവസാനം അനു ആംബുലൻസ് വിളിക്കാമെന്ന് സമ്മതിച്ചു.
എന്നാൽ എമർജൻസി ആംബുലൻസ് വിളിച്ച അവൾ ഡ്രഗ് അളവിൽ കൂടുതൽ ഉപയോഗിച്ച ഒരാൾ തന്റെ അടുത്തുണ്ടെന്നും എന്താണ് ചെയ്യേണ്ടത് എന്നും ചോദിച്ചു. അവർ ചോദിച്ച ചോദ്യങ്ങൾക്കൊന്നും അവൾ വ്യക്തമായ മറുപടി പറഞ്ഞില്ല. വെറുതെ അവൾ സമയം നഷ്ടപ്പെടുത്തി കൊണ്ടിരുന്നു.
അവസാനം അവർക്കു അഡ്രസ് തെറ്റി പറഞ്ഞുകൊടുത്തു അവൾ പിന്നെയും അവരെ വൈകിപ്പിച്ചു. എന്നാൽ വിളിച്ച നമ്പറിന്റെ ലൊക്കേഷൻ കണ്ടുപിടിച്ചു പിന്നെയും 20 മിനിറ്റു കഴിഞ്ഞപ്പോൾ അവരെത്തി.
ഫ്ലാറ്റിൽ താഴെ നിലത്തു നഗ്നനായി കിടന്നിരുന്ന ജോക്ക് അപ്പോഴും ജീവൻ ബാക്കിയുണ്ടായിരുന്നു. എന്നാൽ രക്ഷാ പ്രവർത്തകർക്ക് മുൻപിൽ ഹിസ്റ്റീരിയ അഭിനയിച്ചു അവൾ പിന്നെയും രക്ഷാ പ്രവർത്തനങ്ങൾ കഴിയുന്നത്ര വൈകിപ്പിച്ചു. ഇതെല്ലാം കണ്ട അവരാണ് പോലീസിനോട് ഇതൊരു കൊലപാതകം ആണോ എന്ന സംശയം ഉന്നയിച്ചത്. കാരണം അപ്പോഴേക്കും ജോയുടെ ജീവൻ പോകുന്നത് അവൾ ഉറപ്പു വരുത്തിയിരുന്നു.
ചോദ്യം ചെയ്യലിൽ അവൾ കുറ്റം സമ്മതിച്ചു. ആത്മഹത്യാ പ്ലാൻ പോലീസ് അപ്പാടെ തള്ളിക്കളഞ്ഞു. കാരണം മുപ്പത്തിആറു മണിക്കൂർ ജോ മരണത്തോട് മല്ലടിക്കുമ്പോൾ അവൾക്കു വേണമെങ്കിൽ ആത്മഹത്യാ ചെയ്യാമായിരുന്നു. എന്നാൽ അവൾ ഒരു ശ്രമവും അതിനായി നടത്തിയില്ല. എന്ന് മാത്രമല്ല അവൾ അവന്റെ മരണത്തോടുള്ള മല്ലിടൽ മുപ്പത്തിആറു മണിക്കൂർ കണ്ടുനിന്നു.
എല്ലാറ്റിനും കൂട്ട് നിന്ന മാധവി റാവുവിനെയും അറസ്റ്റ് ചെയ്തു. വിചാരണയിൽ മൊത്തം അനു ഹിസ്റ്റീരിയ അഭിനയിച്ചു. വെറും എട്ടു വർഷത്തെ തടവ് മാത്രമേ അനുവിന് ലഭിച്ചുള്ളൂ. അതിലും പരീക്ഷക്കും മറ്റുമായുള്ള പരോളും എല്ലാം ആയി ആകെ നാലു വർഷമേ അവൾ ജയിലിൽ ആയുള്ളൂ. മാധവിയും ചെറിയൊരു തടവ് ശിക്ഷക്ക് ശേഷം ജയിൽ മോചിതയായി.
ജോയുടെ മാതാപിതാക്കൾക്ക് പോലീസിന്റെ ഫോൺ വന്നപ്പോഴേ അപകടം മണത്തു. വീട്ടിൽ വന്ന പോലീസിനോട് ജോയുടെ അമ്മ ചോദിച്ചത്
"അവൾ എന്റെ മകനെ കൊന്നു അല്ലേ " എന്നാണ്.
അവർ അത് പ്രതീക്ഷിച്ചിരുന്ന പോലെ.
മാധവി അവളുടെ പേരും, ഐഡന്റിറ്റിയും എല്ലാം മാറ്റി കല്യാണം കഴിഞ്ഞു രണ്ടു കുഞ്ഞുങ്ങളുമായി അമേരിക്കയിൽ സുഖമായി കഴിയുന്നു.
അനു ജയിൽ മോചിതയായി ക്രിമിനോളജിയിൽ ഉപരിപഠനം നടത്തി അതും പാസ്സായതിനു ശേഷം 2010 ൽ അവളുടെ റിസേർച്ചിന് ഡോക്ടറേറ്റും ലഭിച്ചു. വിഷയം ആണ് രസം. പെൺകുറ്റവാളികളെ കുറ്റ കൃത്യത്തിലേക്കു നയിക്കുന്ന അഞ്ചു കാരണങ്ങളെ പറ്റിയായിരുന്നു അവളുടെ ഗവേഷണം.
അവളുടെ കണ്ടുപിടിത്തങ്ങൾ ഇതെല്ലാമായിരുന്നു.
ഒന്ന് അസ്ഥിരതയുള്ള വളർത്തൽ,
രണ്ട് ശാരീരികവും, ലൈംഗികവും ആയിട്ടുള്ള പീഡനങ്ങൾ,
മൂന്ന് ഡ്രഗ്സിന്റെ ഉപയോഗം,
നാലു സാമ്പത്തിക അസ്ഥിരത,
അഞ്ചാമതായി മാനസികരോഗം.
അവളുടെ ഈ ഗവേഷണം സ്ത്രീ കുറ്റവാളികളുടെ പ്രശ്നങ്ങൾ ആദ്യമേ കണ്ടുപിടിച്ചു കറക്റ്റ് ചെയ്യാൻ സാധിക്കും എന്നാണ് പൊതുവെ അഭിപ്രായപ്പെട്ടത്.
തങ്ങളുടെ മകന് നീതി കിട്ടിയില്ല എന്ന് ജോയുടെ കുടുംബം ഇന്നും പരാതിപ്പെടുന്നു. ജയിൽ മോചിതയായി പുറത്തുവന്നപ്പോൾ ഒരു ചാനലിന് കൊടുത്ത ഇന്റർവ്യൂവിൽ അവൾ താൻ മാനസിക രോഗി ആയിരുന്നു എന്നും റിയാലിറ്റി എന്താണെന്നു തിരിച്ചറിയാനുള്ള നിലയിൽ ആയിരുന്നില്ല എന്നും ജോയുടെ വീട്ടുകാരോട് നിരുപാധികം മാപ്പ് ചോദിക്കുന്നതായും പറഞ്ഞു.
എന്നാൽ അതിന് ജോയുടെ അമ്മയുടെ മറുപടി ഇതായിരുന്നു.
"എന്റെ ജീവിതത്തിലെ ഏറ്റവും വിലപിടിപ്പുള്ള വസ്തു അവൾ നശിപ്പിച്ചു. എന്നിൽ ജീവൻ ഉള്ളിടത്തോളം അവൾക്ക് മാപ്പില്ല. അവൾ പിശാചാണ്. അവൾ മാപ്പിന് അർഹയല്ല " എന്നാണ്.
ഇന്നും നീതിക്ക് വേണ്ടി അവർ പൊരുതുന്നു.
ഈ കഥ ഹെലൻ ഗാർനെർ എന്ന എഴുത്തുകാരി "ജോ സിങ്കിന്റെ സ്വാന്തനം "എന്ന പേരിൽ ഒരു പുസ്തകം ആക്കിയിട്ടുണ്ട്. അതേ പേരിൽ തന്നെ ഒരു സിനിമയും 2016 ൽ റിലീസ് ആയിട്ടുണ്ട്.
ജോ സിങ്കിനു നീതി കിട്ടിയില്ല എന്ന് തന്നെ വിശ്വസിക്കുന്നവരാണ് ഇന്നും ഓസ്ട്രേലിയയിൽ ഏറെയും.